നോർക്ക പോലീസ് സ്റ്റേഷന് അംഗീകാരം

സംസ്ഥാന പോലീസ് ആസ്ഥാനത്ത് പുതിയതായി നോർക്ക പോലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ എന്നിവയാണ് ഇവയില്‍ ചിലത്.
നാട്ടില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയവരില്‍ നിന്നു പോലും മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്. അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍ എന്നിയും ഇവര്‍ നേരിടുന്നു. നാലാം ലോക കേരള സഭയില്‍ പ്രവാസി പ്രതിനിധികള്‍ ഉന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്. അതിന്റെ അടിസ്ഥാനത്തില്‍ ലോക കേരള സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നാൾക്കുനാൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്, എൻആർഐ സെല്ലിനെ കൂടാതെ നോർക്ക പോലീസ് സ്റ്റേഷൻ രൂപീകരിക്കുക എന്ന നിര്‍ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചത്.
ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സെല്‍ എസ്.പിയുടെ ചുമതലയില്‍ ഒരു എന്‍.ആര്‍.ഐ പോലീസ് സ്റ്റേഷന്‍ രൂപീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇൻസ്പെക്ടർ – 1, സബ് ഇൻസ്പെക്ടർ – 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ – 6, സീനിയർ സിവിൽ പോലീസ് ഓഫീസർ – 5, സിവിൽ പോലീസ് ഓഫീസർ – 7 എന്നിങ്ങനെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും.
